ഗുരുവായൂര്‍: മഞ്ജുളാലിന് മനോഹാരിതയേകാന്‍ കൂറ്റന്‍ ദീപസ്തംബമൊരുങ്ങുന്നു. ഗുരുവായൂര്‍ കിഴക്കെ നട മഞ്ജുളാലിന് മുന്നില്‍ ക്ഷേത്രത്തിന് അഭിമുഖമായാണ് ഇരപത്തിമൂന്നരയടി ഉയരമുള്ള ദീപസ്തംബമൊരുങ്ങുന്നത്. കിഴക്കെ നട ദീപസ്തംബത്തിന്റെ അതേ ഉയരവും വലിപ്പവുമുള്ള ദീപസ്തംബം ഓടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
15ലക്ഷം രൂപയിലേറെ ചിലവു വരുന്ന ദീപസ്തംബം വഴിപാടായി നിര്‍മ്മിച്ചു നല്‍കുന്നത് ചെന്നൈ ശ്രീരാമചന്ദ്ര യൂണിവേഴ്സിറ്റി ഉടമ ആര്‍ വെങ്കിടാചലമാണ്.അടിയില്‍ കൂര്‍മ്മവും മുകളില്‍ 20വിരല്‍ ഉയരമുള്ള ഗരുഡ വാഹനത്തോടും കൂടിയ വിളക്കില്‍ 13തട്ടുകളിലായി 325തിരികളിട്ടു കത്തിക്കാം.
ഒരു കോല്‍ ഉയരമുള്ള കരിങ്കല്‍ തറയിലാണ് ദീപസ്തംബം സ്ഥാപിക്കുന്നത്. കൂര്‍മ്മത്തിനു മുകളില്‍ സര്‍പ്പക്കെട്ടുകളോടു കൂടിയ അലങ്കാര പറയുമുണ്ടാവും. 1300കിലോയിലധികം തൂക്കം വരുന്ന ദീപസ്തംബം നിര്‍മ്മിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട നടവരമ്പിലുള്ള ബെല്‍വിറ്റ്സ് എന്ന സ്ഥാപനമാണ്. ഇരിങ്ങാലക്കുട കിഴക്കെ വളപ്പില്‍ സന്തോഷിന്റെ നേത്യത്വത്തില്‍ 20ളം പേര്‍ എട്ടുമാസത്തിലേറെയെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ദീപസ്തംബം സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ഇന്നലെ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ സമര്‍പ്പണം നടക്കും. തല്‍സ്ഥാനത്തുണ്ടായിരുന്ന ചെറിയ കരിങ്കല്‍ വിളക്കിന് പകരമായാണ് ഈ ദീപസ്തംബം സ്ഥാപിക്കുന്നത്.





















Post Comments














