Make GuruvayurOnline your homepage

കോഴിക്കോട് ഇരട്ട സ്‌ഫോടനം: നസീറിന് മൂന്നും ഷഫാസിന് രണ്ടും ജീവപര്യന്തം ശിക്ഷ

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതികളായ തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം ശിക്ഷയും ഷഫാസിന് ഇരട്ട ജീവപര്യന്തവും പ്രത്യേക കോടതി വെള്ളിയാഴ്ച വിധിച്ചു. എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) അന്വേഷിച്ച ആദ്യ തീവ്രവാദി കേസിലെ വിധിയാണിത്. രണ്ട് പ്രതികളെയും കനത്ത സുരക്ഷയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് വെള്ളിയാഴ്ച പോലീസ് കൊണ്ടുപോയി. ശിക്ഷകള്‍ പ്രതികള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രത്യേക എന്‍ഐഎ ജഡ്ജി എസ്. വിജയകുമാര്‍ ഉത്തരവിട്ടു. അതിനാല്‍ ഒരു ജീവപര്യന്തം ശിക്ഷ വീതം മതിയാകും.
പ്രതികള്‍ രാജ്യദ്രോഹ കുറ്റമാണ് ചെയ്തിട്ടുള്ളത്. ഭീകര പ്രവര്‍ത്തനം വീരകൃത്യമല്ലെന്നും കുറ്റക്കാരായ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമവും ഗൂഢാലോചനയും മറ്റും തെളിഞ്ഞതിനാലാണ് മൂന്ന് ജീവപര്യന്തങ്ങള്‍ നസീറിനും ഇരട്ട ജീവപര്യന്തം ഷഫാസിനും വിധിക്കുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 11ന് കോടതി കൂടിയപ്പോള്‍ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് രണ്ട് പ്രതികളോടും കോടതി ചോദിച്ചിരുന്നു. ഭാര്യയും കുട്ടികളുമുള്ള കുടുംബം ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നാണ് പ്രതികള്‍ ബോധിപ്പിച്ചത്. എന്നാല്‍ എന്‍ഐഎ പ്രോസിക്യൂട്ടര്‍ കെ.എന്‍. രവീന്ദ്രനാഥ് പ്രതിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. രാജ്യദ്രോഹ കുറ്റം ചെയ്യുന്നവര്‍ക്കും ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്കും നിയമം അനുശാസിക്കുന്ന ജീവപര്യന്തം ശിക്ഷ തന്നെ വിധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
സ്‌ഫോടനത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ നിയമം അനുസരിച്ച് പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നവരാണ്. ഇവിടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെങ്കിലും ഭീകരവാദികളായ പ്രതികള്‍ക്ക് നീതിയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ജീവപര്യന്തം ശിക്ഷ വേണമെന്നുള്ള പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയാണുണ്ടായത്. ജീവപര്യന്തം കൂടാതെ അഞ്ച് വര്‍ഷം ശിക്ഷ വേറെയും പ്രതികള്‍ അനുഭവിക്കണം. കൂടാതെ നസീറിന് 1,60,000 രൂപയും ഷഫാസിന് 1,10,000 രൂപയും പിഴയും കോടതി വിധിച്ചു. ജയിലില്‍ തനിക്ക് പ്രാര്‍ഥിക്കാനും തൊപ്പിവെക്കാനുമുള്ള അനുമതി വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. രണ്ട് പ്രതികളും കണ്ണൂര്‍ സ്വദേശികളാണ്. അവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യദ്രോഹം ചെയ്തിട്ടുള്ള പ്രതികള്‍ക്ക് അനുയായികള്‍ ഉണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തോടും ജനങ്ങളോടും ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യമാണ് ഭീകരപ്രവര്‍ത്തനങ്ങള്‍. അതിനാല്‍ പ്രതികളുടെ അനുയായികള്‍ക്കുകൂടി ഒരു പാഠവും മുന്നറിയിപ്പുമാകട്ടെ ശിക്ഷ എന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലഷ്‌കര്‍ഇതൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ കൂടിയാണ് ഈ കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീര്‍. ബംഗ്ലാദേശില്‍ അഭയം തേടിയിരുന്ന നസീറിനെ ഇന്ത്യക്ക് ഒന്നരവര്‍ഷം മുമ്പാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ കൈമാറിയത്. അതിര്‍ത്തി രക്ഷാസേനയാണ് നസീറിനെ തുടര്‍ന്ന് കേന്ദ്ര പോലീസിനെ ഏല്പിച്ചത്. പ്രതികളായ അബ്ദുള്‍ ഹാലിമിനെയും ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷക്കെതിരെ നസീറും ഷഫാസും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Current Affairs കോഴിക്കോട് ഇരട്ട സ്‌ഫോടനം: നസീറിന് മൂന്നും ഷഫാസിന് രണ്ടും ജീവപര്യന്തം ശിക്ഷ