ഗുരുവായൂര്‍: നഗരസഭക്ക് ഒരു കോടിയോളം വരുമാന വര്‍ധന ഉണ്ടാക്കിയ ഭരണസമിതിക്ക് രാഷ്ട്രീയ വ്യത്യാസം മറന്ന് പ്രതിപക്ഷത്തിന്റെ അഭിനന്ദന വര്‍ഷം. നഗരസഭയിലെ കംഫര്‍ട്ട് സ്റേഷന്‍, പാര്‍ക്കിങ് ഗ്രൌണ്ട് തുടങ്ങിയവ ലേലം ചെയ്ത വകയില്‍ ഒരു കോടിയോളം രൂപയുടെ വരുമാന വര്‍ധന ഉണ്ടായതാണ് പ്രതിപക്ഷത്തിന്റെ അഭിനന്ദനത്തിന് കാരണമായത്. നിലവിലെ കരാറുകാര്‍ക്കു തന്നെ ചെറിയ വ്യത്യാസത്തിന് തുടര്‍ന്നും നല്‍കി വരുന്ന സമ്പ്രദായത്തിന് നിലവിലെ ഭരണ സമിതി വിരാമം കുറിച്ചിരുന്നു. സി.എഫ്. ലാമ്പുകളുടെ അറ്റകുറ്റപ്പണിക്ക് പ്രതിഫലം നല്‍കിയത് സംബന്ധിച്ച് കൌണ്‍സിലില്‍ ബഹളം ഉണ്ടായി. ഇതു സംബന്ധിച്ച അജണ്ട അവസാനിക്കും മുമ്പെ അടുത്ത അജണ്ടയിലേക്ക് കടന്നത് പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തു.അജണ്ട വായിക്കുന്നത് തടസപ്പെടുത്താനായി പ്രതിപക്ഷ അംഗങ്ങള്‍ പാഞ്ഞടുക്കുകയും ചെയ്തു.. ഒടുവില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി വിഷയം വീണ്ടും ചര്‍ച്ച ചെയ്തപ്പോഴാണ് ബഹളം ശമിച്ചത്. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി.വിനോദ്, വി.കെ.ശ്രീരാമന്‍, കെ.പി.എ.റഷീദ്, സന്തോഷ് തറയില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.







































