ഗുരുവായൂര്‍: ഉത്സവത്തോടനുബന്ധിച്ചുള്ള വിശേഷ തായമ്പകയ്ക്ക് മാറ്റുരയ്ക്കാന്‍ ഇക്കുറി 35 കലാകാരന്മാര്‍ അണിനിരക്കും. ഉത്സവം കൊടിയേറിയ ശേഷം രണ്ടാംവിളക്കുദിനമായ മാര്‍ച്ച് 6നാണ് തായമ്പക അരങ്ങുണരുക. വടക്കേനടയില്‍ ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവെച്ചതിനു
ശേഷമാണ് തായമ്പക നടക്കുക. ദിവസവും മൂന്ന് തായമ്പക ഉണ്ടാകും. ഇതില്‍ ഇരട്ടത്തായമ്പകയും ത്രിത്തായമ്പകയും ഉണ്ടാകും. രാത്രി 8.30നാണ് ആദ്യ തായമ്പക. ക്ഷേത്രം അടിയന്തിരക്കാരനായ ഗുരുവായൂര്‍ കൃഷ്ണകുമാറിന്റെ തായമ്പകയില്‍ തുടങ്ങി, എട്ടാം വിളക്കുദിവസം പ്രഗത്ഭനായ കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പകയില്‍ അവസാനിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടയില്‍ പല ദിവസങ്ങളിലായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാര്‍, കടന്നപ്പിള്ളി ശങ്കരന്‍കുട്ടിമാരാര്‍, കലാമണ്ഡലം ബലരാമന്‍, പനമണ്ണ ശശി, പോരൂര്‍ ഉണ്ണികൃഷ്ണന്‍, ചെറുതാഴം ചന്ദ്രന്‍, മഞ്ചേരി ഹരിദാസന്‍, തൃത്താല ശങ്കരകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭരും ഉത്സവത്തായമ്പകയില്‍ പങ്കെടുക്കും.
ഉത്സവഎഴുന്നള്ളിപ്പിനുള്ള മേളം നയിക്കുന്നത് പെരുവനം കുട്ടന്‍മാരാരായിരിക്കും. ആറാട്ടുദിനത്തില്‍ പഞ്ചവാദ്യത്തിന് തൃശ്ശൂര്‍ പൂരത്തിന്റെ, പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും മുന്‍നിരയിലെ പ്രഗത്ഭരെല്ലാം ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിമിലയില്‍ അന്നമനട പരമേശ്വരമാരാര്‍, കേളത്ത് കുട്ടപ്പന്‍, ചോറ്റാനിക്കര വിജയന്‍, പരയ്ക്കാട് തങ്കപ്പന്‍, വൈക്കം ചന്ദ്രന്‍ തുടങ്ങിയവരും മദ്ദളത്തില്‍ ചെര്‍പ്പുളശ്ശേരി ശിവന്‍, കുനിശ്ശേരി ചന്ദ്രന്‍, കലാമണ്ഡലം ഹരിനാരായണന്‍, തിച്ചൂര്‍ ശശി, കലാമണ്ഡലം കുട്ടിനാരായണന്‍ തുടങ്ങിയവരും അണിനിരക്കും. തിച്ചൂര്‍ മോഹനന്‍ (ഇടക്ക), പാഞ്ഞാള്‍ വേലുക്കുട്ടി (താളം), മച്ചാട് രാമകൃഷ്ണന്‍നായര്‍ (കൊമ്പ്) തുടങ്ങിയവര്‍ മറ്റു വാദ്യങ്ങള്‍ക്ക് പ്രമാണക്കാരാകും.
ചൊവ്വാഴ്ച ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാദ്യക്കമ്മിറ്റി യോഗമാണ് ഉത്സവവാദ്യത്തിന്റെ അന്തിമരൂപം തയ്യാറാക്കിയത്. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു.









































